വിവാദം; ഫെയിസ്ബുക്ക് കുറിപ്പിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കെ ടി ജലീല്‍
കശ്മീര്‍ പോസ്റ്റ് വിവാദമായതിന് പിന്നാലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കെ ടി ജലീല്‍. നിയമസഭയുടെ പ്രവാസി ക്ഷേമസമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ താനെഴുതിയ യാത്രാക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത് ശ്രദ്ധയില്‍പ്പെട്ടു. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിക്കുന്നതായി അറിയിക്കുന്നുവെന്ന് ജലീല്‍ കുറിച്ചു.
പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ജമ്മുവും ലഡാക്കും ഉള്‍പ്പെടുന്ന പ്രദേശത്തെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നുമായിരുന്നു യാത്രാക്കുറിപ്പിലെ ആദ്യ പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ജലീലിന്റേത് രാജ്യദ്രോഹ നടപടിയാണെന്ന പ്രതികരണവുമായി ബിജെപി രംഗത്തെത്തി. പിന്നാലെ കോണ്‍ഗ്രസും ജലീലിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാമത്തെ പോസ്റ്റില്‍ ആസാദ് കാശ്മീര്‍ എന്ന് താന്‍ ഇന്‍വേര്‍ട്ടഡ് കോമയില്‍ എഴുതിയത് മനസിലാകാത്തവരോട് സഹതാപമുണ്ടെന്ന് ജലീല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധീന കാശ്മീര്‍ പ്രയോഗത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു.
പരാമര്‍ശങ്ങള്‍ വിവാദമാകുകയും മന്ത്രി എം വി ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ ജലീലിന്റെ പോസ്റ്റിനെ തള്ളിപ്പറയുകയും ചെയ്തു. ഇതിന് ശേഷമാണ് പോസ്റ്റുകളിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം (ആസാദി കാ അമൃത് മഹോൽസവ്) നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.
നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.
ജയ് ഹിന്ദ്.