അഭയ കേസില്‍ കുറ്റവാളികള്‍ക്ക് ജാമ്യം ലഭിച്ചത് സിബിഐയുടെ വീഴ്ച; ജോമോന് പുത്തന്‍പുരയ്ക്കല്‍

അഭയ കേസില്‍ ശിക്ഷയനുഭവിക്കുന്ന കുറ്റവാളികള്‍ക്ക് ജാമ്യം ലഭിച്ചത് സിബിഐയുടെ വീഴ്ചയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബിഐ സഹായം ചെയ്തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. പ്രതികളുടെ അപ്പീലിന് സിബിഐ മറുപടി പോലും നല്‍കിയില്ല. സിബിഐ കോടതിയില്‍ വാദിച്ച പ്രോസിക്യൂട്ടറോടു പോലും ചര്‍ച്ച ചെയ്തില്ല. അപ്പീലില്‍ വാദിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള പ്രോസിക്യൂട്ടറെയാണ് കൊണ്ടുവന്നത്.
കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. സിബിഐ കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി വാദിച്ച അഭിഭാഷകന് ഹൈക്കോടതിയിലേക്ക് തിരിഞ്ഞു നോക്കിയില്ല. പ്രതികളെ സഹായിക്കാന്‍ സിബിഐ പോലൊരു ഏജന്‍സി പഴയ സ്വഭാവം എടുക്കരുത്.
പ്രതികള്‍ക്ക് ജാമ്യം കൊടുത്തതിന് എതിരെ സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കണമെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടു. സിബിഐ വീഴ്ചയ്ക്കെതിരെ പ്രധാനമന്ത്രിക്കും സിബിഐ ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Abhaya Case, Jomon Puthenpurackal, High Court, Bail