ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മയുടെ മൊഴി
ഷാരോണിനെ കൊലപ്പെടുത്തുന്നതിനായാണ് ജ്യൂസ് ചലഞ്ച് നടത്തിയതെന്ന് ഗ്രീഷ്മയുടെ മൊഴി. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഗ്രീഷ്മയെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഏതു തരത്തിലുള്ള വിഷമാണ് കലര്‍ത്തിയതെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഗ്രീഷ്മയ്ക്കൊപ്പം പുറത്തു പോയി ജ്യൂസ് കുടിച്ച ദിവസങ്ങളില്‍ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെ ഗ്രീഷ്മയെ കന്യാകുമാരി രാമവര്‍മന്‍ചിറയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 10.40ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി വീട്ടിലെത്തിയത്.
യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ രാമവര്‍മന്‍ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി. പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതര്‍ തകര്‍ത്തിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടാണ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിന്റെ സംശയം.