നെഹ്റു വര്‍ഗ്ഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാന്‍ തയ്യാറായി; വിവാദ പ്രസ്താവന നടത്തി കെ സുധാകരന്
വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.
അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യ ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യം നെഹ്റു ഉയര്‍ത്തിപിടിച്ചുവെന്നും സുധാകരന് ചടങ്ങില്‍ പറഞ്ഞു. നെഹ്രുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ലായിരുന്നു. അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ലായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി അദ്ദേഹം ജനാധിപത്യബോധം പ്രകടിപ്പിച്ചു.
വിമര്‍ശിക്കാന്‍ ആരെങ്കിലും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും സുധാകരന് പറഞ്ഞു. കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്ന് സുധാകരന് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. തൊട്ടു പിന്നാലെയാണ് പുതിയ വിവാദം.