പുത്തൻ പ്രതീക്ഷയില്‍ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം

പുത്തൻ പ്രതീക്ഷയിലാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. 2020 ആഗസ്റ്റ് എട്ടിനുണ്ടായ വിമാന ദുരന്തത്തിന് പിന്നാലെ നിലച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല എന്നതാണ് ആ പ്രതീക്ഷ .
മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങളും കാർഗോ വിമാനങ്ങളും ഇനി വൈകാതെ പറന്നിറങ്ങും. കരിപ്പൂർ വിമാനാപകടം മലബാറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിന്റെ ചിറകുകളെ തളർത്തിയിരുന്നു.
ദുരന്തം അന്വേഷിച്ച വിദഗ്ദ്ധ സമിതി റണ്‍വേ എൻഡ് സേഫ്റ്റി ഏരിയയുടെ(റെസ) നീളം 90ല്‍ നിന്ന് 240 മീറ്ററായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി ഭൂമിയേറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും നിലപാടെടുത്തു. ഇതോടെ റെസ ഏരിയ ദീർഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാൻ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടർന്നു. ഇതിനുപിന്നാലെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയത്. റെസയുടെ നിർമ്മാണ പ്രവൃത്തികള്‍ വേഗത്തിലായതും കരിപ്പൂരിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നുണ്ട്