കേന്ദ്ര ഫോറന്‍സിക് ലാബ് ഫലം കേസിനെ ബാധിക്കില്ലെന്ന് കേസ് അന്വേഷിച്ച മുന്‍ എസ്പി കെ ജി സൈമണ്‍
കൂടത്തായി കേസുമായി ബന്ധപ്പെട്ട പുതിയ ഫോറന്‍സിക് പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എസ്പി കെ ജി സൈമണ്‍. കൊല്ലപ്പെട്ട നാലു മൃതദേഹങ്ങളുടെ സാംപിളുകളില്‍ സയനൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിശോധനാ ഫലം. ഇത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്ന് സൈമണ്‍ വ്യക്തമാക്കി. കോഴിക്കോട്ടെ ലാബില്‍ പരിശോധിച്ചപ്പോഴും മൃതദേഹാവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ അച്ഛന് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്ഫൈന് എന്നിവരുടെ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
ഇവരില്‍ അന്നമ്മയെ ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നും മറ്റുള്ളവര്‍ക്ക് സയനൈഡ് നല്‍കിയെന്നുമാണ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനാഫലം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആറു പേരാണ് കൂടത്തായിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നുള്ളു.
മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചെങ്കിലും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സാംപിളില്‍ മാത്രമാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബാക്കിയുള്ള നാലു സാംപിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.