കൊച്ചി പുറംകടലില്‍ നിന്ന് പിടിച്ച മയക്കുമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് എന്‍സിബി
കൊച്ചി തീരത്ത് ആഴക്കടലിലെ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. 23 മണിക്കൂറോളം എടുക്കാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റാമിന്റെ തരംതിരിക്കലും കണക്കെടുപ്പും പൂര്‍ത്തിയാക്കിയത്. 2525 കിലോ മെത്താംഫിറ്റാമിനാണ് പിടിച്ചെടുത്തത്.
ഇവ 134 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണിമൂല്യമുള്ളതെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു. ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്നിന് 15,000 കോടി രൂപയോളം വിലവരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. എന്നാല്‍ കണക്കെടുപ്പും തരംതിരിക്കലും പൂര്‍ത്തിയായതോടെയാണ് ഇതിന്റെ യഥാര്‍ഥ വിപണിമൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ഈ ലഹരിമരുന്ന്. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഒരു പാകിസ്താന് സ്വദേശിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.