കൊച്ചി മെട്രോയ്ക്ക് അഞ്ചുവയസ്; അഞ്ച് രൂപയ്ക്ക് യാത്രയൊരുക്കി ‘മെട്രോ ട്രീറ്റ്’
കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയ്ക്ക് ഇന്ന് 5 വയസ്. കേരളത്തിന് പുതിയൊരു യാത്ര സംസ്കാരം പഠിപ്പിച്ച മെട്രോ വിജയകരമായി കൊച്ചിയുടെ ഹൃദയത്തിലൂടെ കുതിച്ച് പായുകയാണ്. 2017 ജൂണ്‍ 17ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് കേരളത്തിന്റെ ആദ്യ മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. 5 വര്‍ഷത്തിനിപ്പുറം 25 കിലോമീറ്ററും 22 സ്റ്റേഷനുകളുമായി നൂറുകണക്കിന് സര്‍വീസുകളുമായി മെട്രോ ദിനംപ്രതി പായുകയാണ്.
അഞ്ചാം വാര്‍ഷിക ദിനത്തില്‍ 5 രൂപയ്ക്ക് മെട്രോയാത്ര ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിലേക്കും ഇന്ന് യാത്രനിരക്ക് 5 രൂപ മാത്രമായിരിക്കും. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു ദിവസത്തേക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ നല്കി കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം മെട്രോയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. തിരക്കു കുറവുള്ള നിശ്ചിത സമയങ്ങളില്‍ ടിക്കറ്റിന് 50% നിരക്കിളവും വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്, എന്‍ സി സി കേഡറ്റുകള്‍ തുടങ്ങിയവര്‍ക്കുള്ള നിരക്കിളവും ഡേ പാസ്, വീക്കെന്‍ഡ് പാസ്, സ്റ്റുഡന്റ് പാസ് തുടങ്ങിയ സൗകര്യങ്ങളും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്ധനയുണ്ടാക്കിയിട്ടുണ്ടെന്നാണ് നിഗമനം.
ആലുവയില്‍ നിന്ന് പേട്ട വരെയുള്ള മെട്രോ സര്‍വീസ് തൃപ്പൂണിത്തുറയ്ക്ക് നീട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി പേട്ട – എസ് എന്‍ ജംഗ്ഷന് ഭാഗത്തെ സുരക്ഷാ പരിശോധന കഴിഞ്ഞയാഴ്ച്ച പൂര്‍ത്തിയായിരുന്നു. ഈ മാസം തന്നെ പുതിയ പാതയിലേക്കുള്ള സര്‍വീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍.
ആഘോഷ നിറവിലാണെങ്കിലും മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള കേന്ദ്ര അനുമതിക്കായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തിന് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതികാനുമതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ ഭാഗത്തെ മെട്രോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള റോഡ് വീതികൂട്ടല്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുന്നോട്ടുപോയിരുന്നു. കേന്ദ്രാനുമതിയില്‍ അനിശ്ചിതത്വം നീണ്ടതോടെ ഈ പ്രവര്‍ത്തനങ്ങളും നിലച്ച മട്ടാണ്. എസ് എന്‍ ജംഗ്ഷനിലേക്കുള്ള പുതിയ പാത കമ്മീഷന് ചെയ്യുന്നതോടെ അനുമതി ലഭിക്കുമെന്നാണ് കെഎംആര്‍എല്‍ വൃത്തങ്ങളുടെ പ്രതീക്ഷ.
അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടാഴ്ച്ചയിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് കൊച്ചി മെട്രോ അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊച്ചിയുടെ മുഖമുദ്രയായ മെട്രോ റെയിലിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കാനുള്ള നിരവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
Content Highlights: Kochi Metro, Kochi, Anniversary, Ernakulam, Thrippunithura