കൊച്ചിയെ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; ഔദ്യോഗിക രഹസ്യനിയമം ബാധകമാക്കി
കൊച്ചിയിലെ പതിനൊന്ന് ഇടങ്ങള്‍ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കൊച്ചിന് ഷിപ്പ്യാര്ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്, നേവല്‍ ജെട്ടി, റോറോ ജെട്ടി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ േൈഹവയും വാക്വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുക. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് അതീവ സുരക്ഷാ മേഖലയില്‍ വരിക.
രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ മേഖലകളുടെ പട്ടികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. കര്‍ശന സുരക്ഷാ നിരീക്ഷണം വേണ്ട ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. ഇവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.
ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. തെലങ്കാന, രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാ മേഖലകളുണ്ട്.