ഉദയനും ഉമേഷിനും കഠിനതടവ് ജീവിതാവസാനം വരെ; കോടതിമുറിയില്‍ നാടകീയ രംഗങ്ങള്‍
കോവളത്ത് ലാത്വിയന്‍ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ കഠിനതടവ് ജീവിതാവസാനം വരെയെന്ന് കോടതി. രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയുമാണ് ശിക്ഷയായി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ വിധിച്ചത്. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ശിക്ഷ വിധിക്കുന്നതിനു മുന്‍പ് തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ പ്രതിക്കൂട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു. നുണപരിശോധന നടത്താന്‍ തയ്യാറാകണമെന്നും സംഭവ സ്ഥലത്തു നിന്ന് ഒരു യോഗ അധ്യാപകന് ഓടിപ്പോകുന്നത് കണ്ടുവെന്നും അവര്‍ പറഞ്ഞു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു.
ശിക്ഷാവിധി പ്രഖ്യാപിച്ചതിനു ശേഷവും പ്രതികള്‍ കോടതിയി രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. അതേസമയം പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ഒരു വിഹിതം കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അന്വേഷണത്തിന് ശേഷം ഇരയുടെ സഹോദരിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.