വിവാഹ ട്രിപ്പിന് എത്തിയ കെഎസ്ആര്‍ടിസി ബസ് താമരാക്ഷന്പിള്ളയാക്കി നിയമലംഘനം
കോതമംഗലത്ത് കല്യാണത്തിന് ഓടാനെത്തിയ കെഎസ്ആര്‍ടിസി ബസ് പറക്കുംതളികയിലെ താമരാക്ഷന്‍പിള്ള ശൈലിയിലാക്കി നിയമലംഘനം. നെല്ലിക്കുഴിയില്‍ നിന്ന് അടിമാലിയിലേക്ക് വിവാഹ ട്രിപ്പ് ബുക്ക് ചെയ്ത ബസാണ് മരച്ചില്ലകളും ഓലകളും മറ്റും കെട്ടിവെച്ച് താമരാക്ഷന്പിള്ളയാക്കി മാറ്റിയത്.
പുറത്തേക്ക് തള്ളിനില്ക്കുന്ന വിധത്തിലായിരുന്നു മരച്ചില്ലകള്‍ കെട്ടിവെച്ചിരുന്നത്. ബസിന് താമരാക്ഷന്‍ പിള്ളയെന്ന പേരും നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്നയിടത്താണ് താമരാക്ഷന്പിള്ളയെന്ന സ്റ്റിക്കര്‍ പതിച്ചത്. കോതമംഗലം ഡിപ്പോയുടെ ബസാണ് വിവാഹത്തിനായി ഇത്തരത്തില്‍ ഒരുക്കിയത്.
അര്‍ജന്റീന ബ്രസീല്‍ പതാകകളും ബസില്‍ കെട്ടിയിരുന്നു. രണ്ടു ദിവസം മുന്‍പ് രമേശ് എന്നയാളാണ് ബസ് ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. വിവാഹ ട്രിപ്പുകള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കാറുണ്ടെങ്കിലും അവയില്‍ മറ്റു പേരുകള്‍ പതിക്കുന്നതിനോ അലങ്കാരപ്പണികള്‍ നടത്തുന്നതിനോ അനുമതിയില്ല.