മോഷണ കേസുകളെല്ലാം സ്വന്തം വാദിക്കുന്ന ‘വക്കീൽ’ സജീവൻ പിടിയിൽ
കൊച്ചി: മറൈൻഡ്രൈവിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവർന്ന കേസിൽ മോഷ്ടാവ് ഒറ്റപ്പാലം സ്വദേശി സജീവൻ അറസ്റ്റിൽ. വക്കീൽ സജീവൻ എന്നാണ് ഇയാളെ വിളിക്കുന്നത്. പൂജപ്പുരയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിൽ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ ചോദ്യം ചെയ്യലിനിടെയാണ് പ്രതി മറൈൻഡ്രൈവിലെ മോഷണക്കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ജൂലായ് 21-ന് രാവിലെ 10-നായിരുന്നു മറൈൻഡ്രൈവിൽ മോഷണം നടത്തിയത്. നീളത്തിലുള്ള കമ്പി ഉപയോഗിച്ച് പൂട്ട് തകർത്തശേഷമാണ് പണം കവർന്നത്. മോഷണത്തിന് ശേഷം ഇയാൾ മുംബൈയിലേക്ക് കടന്നു. മോഷണമുതൽ വിറ്റ് ആഡംബരജീവിതം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 40-ലധികം കേസുകളുണ്ട്. ഒറ്റയ്ക്ക് പകൽസമയത്ത് മാത്രമേ മോഷണം നടത്താറുള്ളൂ. കേസുകളെല്ലാം സ്വന്തമായി വാദിക്കുന്നതിനാലാണ് ‘വക്കീൽ സജീവൻ’ എന്ന പേര് വന്നത്. കൊച്ചി സിറ്റി പോലീസിന് രണ്ടുദിവസത്തെ കസ്റ്റഡി അനുവദിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.