കേരളാ വിഷന്‍ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയില്‍ പങ്കാളിയായി എം എ യൂസഫലി
കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ആദ്യ സമ്മാനം നല്കുന്ന കേരളാ വിഷന്‍ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയില്‍ പങ്കാളിയായി എം എ യൂസഫലി. പദ്ധതിയില്‍ താനും പങ്കാളിയാകുകയാണെന്നും പക്ഷേ തുക വേദിയില്‍ വെച്ച് പ്രഖ്യാപിച്ച് കയ്യടി നേടാന്‍ താനില്ലെന്നും യൂസഫലി പറഞ്ഞു. കേരളത്തിലെ 88 സര്‍ക്കാര്‍ ആശുപത്രികളിലായി കേരള വിഷന്‍ നടത്തുന്ന നവജാത ശിശുക്കള്‍ക്കായുള്ള ബേബി കിറ്റ് വിതരണ പദ്ധതിയായ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ പദ്ധതിയുടെ ലോഗോ പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു യൂസഫലി. കൊച്ചി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന കേരളാ വിഷന്‍ ഫിലിം അവാര്‍ഡ് 2022 വേദിയില്‍ വെച്ചായിരുന്നു പരിപാടി.
ഒരു ലക്ഷത്തിലധികം നവജാതശിശുക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയില്‍ തന്റെ സമ്മാനങ്ങളുണ്ടാകുമെന്നും അത് ഈ വേദിയില്‍ പ്രഖ്യാപിച്ച് കയ്യടി നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് യൂസഫലി വ്യക്തമാക്കിയത്. കേരളാ വിഷനുമായി സംസാരിച്ച് അത് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിഎല്‍ മാനേജിംഗ് ഡയറക്ടര്‍ മാമ്പ്ര രാജ്മോഹന്‍, സിഒഎ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്, കെസിസിഎല്‍ ചെയര്മാന് കെ ഗോവിന്ദന്, സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.