ആലുവ-പെരുമ്പാവൂര് റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 74കാരന് മരിച്ചു
ആലുവ-പെരുമ്പാവൂര് റോഡിലെ കുഴി വീണ്ടും ജീവനെടുത്തു. സ്കൂട്ടര് കുഴിയില് വീണ് ചികിത്സയിലായിരുന്ന 74 കാരന് മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ഓഗസ്റ്റ് 20നാണ് കുഞ്ഞമുഹമ്മദിന് അപകടത്തില് പരിക്കേറ്റത്. മൂന്നാഴ്ചയായി അബോധാവസ്ഥയില് തുടരുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പരാതികള് ഉയരുകയും അപകടങ്ങള് പതിവാകുകയും ചെയ്തതിനു പിന്നാലെ ജില്ലാ കളക്ടറോട് ഹൈക്കോടതി റിപ്പോര്ട്ട് തേടിയിരുന്നു.
റോഡില് ഏതാനും ദിവസം മുന്പ് വിജിലന്സ് പരിശോധന നടക്കുകയും അറ്റകുറ്റപ്പണികള് യഥാസമയം നടന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മരണത്തില് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരെ കേസെടുക്കണമെന്ന് ആലുവ എംഎല്എ അന്വര് സാദത്ത് പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരന്തരം പരാതി കൊടുത്തിട്ടും ഇപ്പോഴും പരിഹാരമുണ്ടായിട്ടില്ല.
ഈ റോഡ് കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. പി.ഡബ്യൂ.ഡി. പറയുന്നത് കിഫ്ബിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടതെന്നാണ്. കിഫ്ബി പറയും അവര്ക്ക് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന്. ഇത് സര്ക്കാരിന്റെ വീഴ്ചയാണെന്നും എംഎല്എ കൂട്ടിച്ചേര്ത്തു.