മഹല്ല് കമ്മിറ്റിയ്ക്ക് വിവാദ നോട്ടീസ്; എസ് എച്ച് ഒയെ സ്ഥലം മാറ്റി; നോട്ടീസ് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കണ്ണൂർ മയ്യിലിൽ പള്ളിക്കമ്മിറ്റിയ്ക്ക് വിവാദ നോട്ടീസ് നൽകിയ എസ്എച്ച്ഒയെ സ്ഥലം മാറ്റി. തലശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു പ്രകാശിനെയാണ് നീക്കിയത്.
പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ദിവസത്തെ ജുമാ നിസ്കാരത്തിന് ശേഷം സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷപരമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്നായിരുന്നു എസ്എച്ച്ഒ പള്ളിക്കമ്മിറ്റി സെക്രട്ടറിയ്ക്ക് നൽകിയ നോട്ടീസിലെ ആവശ്യം. എന്നാൽ ബിജു പ്രകാശ് നല്കിയ നോട്ടീസ് അനവസരത്തിലുള്ളതാണെന്നും സര്ക്കാരിന്റേയും ഇടതുപക്ഷ മുന്നണിയുടേയും കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില് പറയുന്നു.
എസ്എച്ച്ഒ സര്ക്കാര് നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില് നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയതോതില് വര്ഗീയ സംഘര്ഷമുണ്ടാക്കാന് ചില ശക്തികള് ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില് വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില് നിലനില്ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
“പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മറ്റിയുടെ കീഴിലുള്ള പാളികളിൽ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു.” എന്നായിരുന്നു പള്ളിക്കമ്മിറ്റിയ്ക്ക് നൽകിയ നോട്ടീസിൻ്റെ ഉള്ളടക്കം.
ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം അടക്കമുള്ള പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുകയും നോട്ടീസ് വിവാദമാകുകയും ചെയ്തിരുന്നു. “കേരളത്തിൽ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിന് ശേഷം “സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ” നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?” എന്നായിരുന്നു ബൽറാം ചോദിച്ചത്.
എന്നാൽ, ജുമാ മസ്ജിദുകളില് വര്ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്ക്കാരിനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചത്. അതുകൊണ്ടാണ്, വിവരം ശ്രദ്ധയില്പ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില് സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നുവെന്നും കുറിപ്പില് പറയുന്നു.