എസ് ഹരീഷിന്റെ ‘മീശ’യ്ക്ക് വയലാര്‍ പുരസ്കാരം
എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിന് ഇത്തവണത്തെ വയലാര്‍ പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞുരാമന് വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമന് കുട്ടി എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.
മീശ നോവലില്‍ രചനാ രീതിയില്‍ വലിയ മാറ്റം പ്രകടമായിരുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു. വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ കൃതിയാണ് മീശ. സ്വാതന്ത്ര്യത്തിന്റെ രീതി സ്വീകരിച്ച ശൈലിയായിരുന്നു മീശയുടേത്. വായനക്കാരന് മികച്ച ഒരു വായനാനുഭവം നല്കുന്ന പുസ്തകമാണിതെന്നും സാറാ ജോസഫ് പറഞ്ഞു.
പുസ്തകത്തെക്കുറിച്ചുള്ള വിവാദം നിസാരമായിരുന്നുവെന്ന് നോവല്‍ വായിച്ചു കഴിയുമ്പോള്‍ മനസിലാകുമെന്ന് സാറാ ജോസഫ് പറഞ്ഞു. അയുക്തികമായ കാര്യത്തെ വലുതാക്കി എഴുതിയ കൃതിയാണ് മീശ. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള പുസ്തകം അതി സങ്കീര്‍ണമായ ഉള്ളടക്കമാണ് പറയുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.