മൂവാറ്റുപുഴയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി അസം സ്വദേശി പിടിയില്‍
ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി അസം സ്വദേശി പിടിയില്‍. മുവാറ്റുപുഴ യൂറോപ്യന്‍ മാര്‍ക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന അസം കാംരൂപ്, റങ്ങിയനല്ഹരി ഗ്രാമത്തില്‍ രാജു (24)വിനെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് 1015 പായ്ക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
എറണാകുളം റേഞ്ച് ഡിഐജി ഡോ എ.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം നടത്തിയ സ്പെഷ്യല്‍ കോമ്പിങ് ഓപ്പറേഷനില്‍ ആണ് പ്രതി അറസ്റ്റിലായത്. കൂടാതെ കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി മുവാറ്റുപുഴ സ്റ്റേഷന് പരിധിയില്‍ 4 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പെടെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 214 വര്‍ഷമായി ജാമ്യം എടുത്തു മുങ്ങിയ അടിപിടി കേസിലെ പ്രതിയുള്പ്പടെയാണ് മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ പിടിയില്‍ ആയത്.
പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ കെ എന്‍ രാജേഷ്, എസ്ഐ മാരായ വിഷ്ണു രാജു, ശരത് ചന്ദ്രകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.എം.രാജേഷ്, സീനിയര്‍ സിപിഓമാരായ ബേസില്‍ സ്കറിയ, അനസ്, ജോബി ജോണ്‍, സിബി ജോര്‍ജ്, ബിബില്‍ മോഹന്‍, പി.എം.രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ജാമ്യം എടുത്തു മുങ്ങി നടക്കുന്നവര്‍ക്കെതിരെയും മറ്റും കര്‍ശന പരിശോധന നടത്തും.