പതിനൊന്നു മണിക്കൂര്‍ നീണ്ട മിഷന്; ഒടുവില്‍ അരിക്കൊമ്പന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക്
പതിനൊന്ന് മണിക്കൂര്‍ നീണ്ട മിഷന് അരിക്കൊമ്പന് വിജയം. നാല് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി. ലോറിയില്‍ കയറ്റിയ ശേഷം ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തേക്കാണ് കൊമ്പനെ കൊണ്ടുപോയത്. തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍ ഉള്ളിലായി തമിഴ്നാട് അതിര്‍ത്തിയിലാണ് മേതകാനം.
ആറു തവണ ആനയെ മയക്കുവെടി വെക്കേണ്ടി വന്നു. വനംവകുപ്പ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. രാവിലെ 11.54-നാണ് ആദ്യം മയക്കുവെടി വെച്ചത്. രണ്ടാമത്തെ ഡോസ് 12.43-നുമാണ് നല്‍കിയത്. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഡോസ് രണ്ടുമണിയോടെ നല്കി. കാലില്‍ വടം കെട്ടിയിട്ടും ആന പരാക്രമം തുടര്‍ന്നതോടെ ആറാമത്തെ ഡോസും നല്കി.
കോന്നി സുരേന്ദ്രന്, സൂര്യന്, കുഞ്ചു, വിക്രം എന്നീ നാല് കുങ്കിയാനകളാണ് ഓപ്പറേഷന് അരിക്കൊമ്പനില്‍ പങ്കെടുത്തത്. ലോറിയിലേക്ക് കയറ്റുന്നതിനിടെ പ്രദേശത്ത് കനത്തമഴ പെയ്തു. ഇത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും പ്രശ്നമുണ്ടായില്ല. അരിക്കൊമ്പനെ തുറന്നുവിടുന്നതിന്റെ ഭാഗമായി കുമളിയില്‍ നാളെ രാവിലെ 7 മണി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.