കുപ്പികളില്‍ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങള്‍; ഗ്രീഷ്മയുടെ വീട്ടില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയത്
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നടത്തിയ തെളിവെടുപ്പില്‍ നാലു കുപ്പികള്‍ കൂടി കണ്ടെത്തി. വീട്ടിലെ തൊഴുത്തില്‍ നിന്നാണ് കുപ്പികള്‍ കണ്ടെത്തിയത്. നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങള്‍ ഉണ്ടായിരുന്നു. ഇവയെന്താണെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. കഷായത്തില്‍ കലര്‍ത്തിയ വിഷത്തിന്റെ കുപ്പി രാവിലെ നടന്ന തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്.
കുപ്പിയുടെ പുറത്ത് ഒട്ടിച്ചിരുന്ന കമ്പനിയുടെ പേര് അടങ്ങിയ ലേബല്‍ വീടിനു പിന്നിലെ പടിക്കെട്ടില്‍നിന്നും കണ്ടെത്തി. തെളിവെടുപ്പിനു ശേഷം വീട് സീല്‍ ചെയ്തു. കീടനാശിനി കാപികോ അല്ലെന്നാണ് സൂചന. കീടനാശിനി വാങ്ങിയ കളിയിക്കാവിളയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.
കീടനാശിനി വാങ്ങാനും കുപ്പി ഉപേക്ഷിക്കാനും നിര്‍മല്‍ കുമാര്‍ ഉപയോഗിച്ച സ്കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നു കഷായപ്പൊടിയുടെ സാംപിള്‍ ശേഖരിച്ചു.