തരൂര്‍ നടത്തിയത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് മുരളീധരന്; വില കുറച്ചു കണ്ടാല്‍ മെസ്സിക്ക് പറ്റിയതുപോലെ സംഭവിക്കും

ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്. തരൂര്‍ ഇതുവരെ നടത്തിയത് വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറുമായിരുന്നെന്നും മുരളീധരന് പറഞ്ഞു.
ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരന് പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിയ്ക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള് ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു.
പൊതുവേദികളില്‍ പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും അവകാശമുണ്ട്. മലപ്പുറത്തെത്തുമ്പോള്‍ പാണക്കാട് തങ്ങളെ എല്ലാ കോണ്‍ഗ്രസുകാരും കാണാറുണ്ട്. യുഡിഎഫിന്റെ ഘടകക്ഷി നേതാവും ആത്മീയ നേതാവുമാണ് തങ്ങള്‍. രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചര്‍ച്ച ചെയ്യുക.
പാര്‍ട്ടിയും മുന്നണിയും എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന് പറഞ്ഞു.