ബലൂണ്‍ പൊട്ടിക്കാനുള്ള സൂചി തരാം, വിഭാഗീയ പ്രവര്‍ത്തനമെന്ന് പറഞ്ഞതില്‍ വിഷമമുണ്ട്; വി ഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ശശി തരൂര്‍
വി ഡി സതീശന് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍. അനാവശ്യ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും നടത്തുന്നതെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ഞാനും രാഘവനും പറഞ്ഞ ഏതു വാക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരായിട്ടുള്ളത്. എന്തു തെറ്റാണ് ചെയ്തത്. ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് അതാണ് ആവശ്യമെങ്കില്‍ ഞാന്‍ തന്നെ സൂചി തരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ ഊതി വീര്‍പ്പിച്ച ബലൂണ്‍ പരാമര്‍ശത്തെയും തരൂര്‍ പരിഹസിച്ചു. മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ബലൂണ്‍ ഊതി വീര്‍പ്പിക്കാന്‍ വന്നതല്ലല്ലോ എന്ന് തമാശ പറഞ്ഞുകൊണ്ടായിരുന്നു തരൂര്‍ തുടങ്ങിയത്. വേണമെങ്കില്‍ ബലൂണ്‍ പൊട്ടിക്കാനുള്ള സൂചി തരാമെന്നും തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് എംപിമാര്‍ എന്ന നിലയിലുള്ള കര്‍ത്തവ്യമാണ് താനും എം.കെ. രാഘവനും ചെയ്യുന്നതെന്നും ആരെയും ഭയക്കുന്നില്ലെന്നും ആരോടും എതിര്‍പ്പില്ലെന്നും തരൂര്‍ വ്യക്തമാക്കി.