സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു ജനനം. 150 ൽ അധികം മലയാള ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ഈണം നൽകി. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ, തുടർക്കഥ എന്നീ സിനിമകളിലെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്.
മാൻഡലിൻ വിദ്വാനായ പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ വെങ്കിടേഷ് മാൻഡലിൻ വായിക്കാൻ പഠിച്ചു. ഗിറ്റാറിലും ബാഞ്ചോയിലും വെങ്കിടേഷ് കഴിവ് തെളിയിച്ചു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ് പി വെങ്കിടേഷ് ഉണ്ടായിരുന്നു.
1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പമായിരുന്നു സിനിമയില്‍ അദ്ദേഹം തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വർഷത്തിന് ശേഷം മലയാളത്തിലേക്കെത്തി.













