എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസ്
ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസ്. എംഡിഎംഎ ഉപയോഗിക്കുന്നത് ട്രെയിലറില്‍ കാണിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറാണ് സംവിധായകനെതിരെ കേസെടുത്തത്. എംഡിഎംഎ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങള്‍ ചുമത്തിയാണ് കേസ്. ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി എത്തിയ ഷക്കീലയെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവേശിപ്പിക്കാതിരുന്നത് വിവാദമായിരുന്നു.