സിനിമയ്ക്ക് ഹിഗ്വിറ്റയെന്ന് പേരിടരുത്; വിലക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബര്‍
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഗ്വിറ്റയെന്ന് പേരു നല്‍കുന്നതിന് ഫിലിം ചേംബറിന്റെ വിലക്ക്. എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണ് ഹിഗ്വിറ്റയെന്നും ആ പേര് നല്കണമെങ്കില് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണമെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്കി. നവംബര്‍ 28ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എന്‍ എസ് മാധവന് ഫിലിം ചേംബറിന് കത്തയച്ചിരുന്നു.
ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി ഇടപെട്ട, എല്ലാ പിന്തുണയും നല്കിയ കേരള ഫിലിം ചേംബറിനോട് നന്ദി അറിയിക്കുകയാണ്. യുവസംവിധായകന് ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സൂരജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെയെന്ന് എന്‍ എസ് മാധവന് ട്വീറ്റ് ചെയ്തു.
അതേസമയം ചിത്രത്തിന്റെ പേര് വിലക്കിയ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് സംവിധായകന് പ്രതികരിച്ചു. പേര് ഒരു തരത്തിലും മാറ്റില്ലെന്ന് ഹേമന്ത് നേരത്തേ പറഞ്ഞിരുന്നു. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ബന്ധമില്ലെന്നും ഹേമന്ത് വ്യക്തമാക്കിയിരുന്നു.