കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെ സാന്നിധ്യമില്ല; കൂടത്തായി കൊലപാതകക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണ്ണായക വഴിത്തിരിവായി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് പരിശോധനാ ഫലം. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റെയോ മറ്റു വിഷവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ അച്ഛന് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്ഫൈന് എന്നിവരുടെ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
ഇവരില്‍ അന്നമ്മയെ ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നും മറ്റുള്ളവര്‍ക്ക് സയനൈഡ് നല്‍കിയെന്നുമാണ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനാഫലം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ആറു പേരാണ് കൂടത്തായിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നുള്ളു.
മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചെങ്കിലും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സാംപിളില്‍ മാത്രമാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബാക്കിയുള്ള നാലു സാംപിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.