സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിനു ഭൂവുടമകൾ കൈപ്പറ്റിയ അധികത്തുക തിരിച്ചു പിടിക്കാൻ നോട്ടിസ്

സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിനു സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾ അധികം തുക കൈപ്പറ്റിയെന്ന് സ്പെഷൽ തഹസിൽദാരുടെ ആരോപണം .അധികമായി കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നു കാണിച്ചു ഭൂവുടമകൾക്കു നോട്ടിസ് നൽകി. 22 പേർക്കാണ് നോട്ടിസ് ലഭിച്ചത്. അധികമായി കൈപ്പറ്റിയ തുക ഒരുമാസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു നോട്ടിസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്തതായി ഭൂവുടമകൾ അറിയിച്ചു.സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിനു പൊന്നുംവില നടപടിയിലൂടെയാണു ഭൂമി ഏറ്റെടുത്തത്. ജില്ലാതല പർച്ചേസ് കമ്മിറ്റി നിശ്ചയിച്ച നിരക്കു പ്രകാരമാണ് ആദ്യം പണം നൽകിയത്. അധിക ആനുകൂല്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്നു കലക്ടർ സപ്ലിമെന്ററി അവാർഡ് പാസാക്കി. ഇതു പ്രകാരം ഉടമകൾക്കു അധിക ആനുകൂല്യം ലഭിച്ചിരുന്നു. ജില്ലാതല പർച്ചേസ് കമ്മിറ്റി നിരക്കിൽ മാറ്റം വരുത്തിയതിനെത്തുടർന്നാണു പണം തിരിച്ചടയ്ക്കണമെന്ന് സ്പെഷൽ തഹസിൽദാർ ആവശ്യപ്പെട്ടിട്ടുള്ളതെന്നു ഭൂവുടമകൾ പറഞ്ഞു.