തിരുവനന്തപുരത്തെ ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവ്
തിരുവനന്തപുരം, ഈഞ്ചക്കലിലുള്ള ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാന്‍ ഓംബുഡ്സ്മാന് ഉത്തരവ്. അനധികൃത നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ ക്രമപ്പെടുത്തിയില്ലെങ്കില്‍ കെട്ടിടം പൊളിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചത് അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. ഓംബുഡ്സമാന് വിധി വന്ന് ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് വിവരം.
കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാന്‍ഡിങ് ഏരിയയിലാണ്. മേഖലയില്‍ രണ്ടു നിലക്ക് അപ്പുറമുള്ള കെട്ടിടം പണിയാന്‍ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയാന്‍ വിമാനത്താവള അതോറിറ്റിയുടേയും സതേണ്‍ എയര്‍ കമാന്‍ഡിന്റേയും എന്‍.ഒ.സി. വേണം. എന്നാല്‍ ഈ കെട്ടിടത്തിന് അങ്ങനെ ഒരു എന്‍.ഒ.സി. ഇല്ല. ഇത് ലഭിച്ചാല്‍ മാത്രം തുടന്നുള്ള മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കൂ. അനുമതികളൊന്നുമില്ലാതെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തം.
ഐ.എന്‍.ടി.യു.സിയുടെ തന്നെ നേതാവായ അടുമന്‍കാട് വിജയന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ വിധി. വിധിക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓംബുഡ്സ്മാന് പരിശോധിച്ചിരുന്നു. അതിന് ശേഷം കോര്പ്പറേഷന് സെക്രട്ടറിയോട് കെട്ടിടത്തിന്റെ സ്ഥിതി വിവരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുകയും ഒരു വകുപ്പുകളും എന്‍ഒസി നല്‍കിയിട്ടില്ലെന്ന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.