തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. തിരുവനന്തപുരം ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ 25നാണ് ഇരു വൃക്കകളും തകരാറിലായ സജികുമാറിനെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഇതിനു പിന്നാലെ ഗുരുതരാവസ്ഥയിലായ സജികുമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
അതേസമയം സജികുമാറിന്റെ മരണത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന നിബന്ധന ആശുപത്രി പാലിച്ചില്ലെന്നും ആരോപണമുണ്ട്.
ഓഗസ്റ്റ് 25ന് പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച അധ്യാപികയായ ഗോപികയുടെ വൃക്കയാണ് സജികുമാറിന് ശസ്ത്രക്രിയിലൂടെ വെച്ച് പിടിപ്പിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സജികുമാറിന്റെ ആരോഗ്യനില വഷളാവുകയും അതീവ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.
ഇത് മൂന്നാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവയവമാറ്റം വിവാദത്തിലാകുന്നത്. മുമ്പ് ജൂണ്‍ 21ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുരേഷ് കുമാറെന്ന രോഗി മരിച്ചിരുന്നു. അന്ന് വൃക്കമാറ്റിവെക്കല്‍ വൈകിയ ഗുരുതരമായ വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.