കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പി ആര് ജിജോയിയെ നിയമിച്ചു

കോട്ടയം കെ.ആര്.നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടറായി പി ആര് ജിജോയിയെ നിയമിച്ചു. നടനും ചലച്ചിത്ര-നാടക പ്രവര്‍ത്തകനുമായ ജിജോയ് നിലവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനാണ്. ചലച്ചിത്ര വിഭാഗം ഡീനിന്റെ ചുമതലയും ജിജോയിയാണ് വഹിക്കുന്നത്.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദം നേടിയ ജിജോയ് പാണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. 55 സിനിമകളിലും നിരവധി നാടകങ്ങളിലും പത്തോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
വിഖ്യാത ചലച്ചിത്രകാരന് സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ഡയറക്ടറായി ജിജോയിയെ നിയമിക്കുന്നത്.