പാലാ നഗരസഭയിലെ ചെയര്മാന് സ്ഥാനം; സിപിഎമ്മിന് തീരുമാനം എടുക്കാമെന്ന് ജോസ് കെ. മാണി
പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനം സിപിഎമ്മിന് എടുക്കാമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. പാലായിലേത് പ്രാദേശിക കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. ചെയര്മാന് സ്ഥാനാര്‍ത്ഥിയായി സിപിഎം ബിനു പുളിക്കക്കണ്ടത്തെ നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി മത്സരിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്നും കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറായ ബൈജു കൊല്ലംപറമ്പിലിനെ നഗരസഭയ്ക്കുള്ളില്‍വെച്ച് മര്‍ദിച്ചുവെന്നും ആരോപണം നേരിടുന്നയാളാണ് ബിനു കൊല്ലംപറമ്പില്‍.
ബിനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പരസ്യമായി പ്രതികരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പു പറയുന്നില്ലെങ്കിലും ശക്തമായ സമ്മര്‍ദ്ദതന്ത്രമാണ് മുന്നണയില്‍ കേരള കോണ്‍ഗ്രസ് പ്രയോഗിക്കുന്നതെന്നാണ് വിവരം. ബിനുവിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് ജോസ് കെ മാണിയുടെ പ്രസ്താവനയിലും സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്ര സിജി പ്രസാദിന്റെ പേരാണ് ബിനുവിന് പകരം പറഞ്ഞു കേള്‍ക്കുന്നത്.
ജോസ് കെ മാണിയുടെ സമ്മര്‍ദ്ദത്തില്‍ വീണുപോകരുതെന്നാണ് സിപിഎം ജില്ലാഘടകത്തില്‍ പൊതുവായുള്ള അഭിപ്രായം. അതുകൊണ്ടുതന്നെ ബിനുവിന്റെ സാധ്യതകള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ നഗരസഭയില്‍ സി.പി.എം. ചിഹ്നത്തില്‍ വിജയിച്ച ഏക അംഗം ബിനുവാണ്. മറ്റ് ആറ് അംഗങ്ങള്‍ എല്‍.ഡി.എഫ്. സ്വതന്ത്രരാണ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ ബിനുവിനെ മാറ്റുമെന്നാണ് വിവരം.