മോഡേൺ ആവാൻ ഒരുങ്ങി പാലക്കാട്
ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികള്‍ പൂർത്തിയായി

ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികള്‍ പൂർത്തിയാക്കി കേരളം. ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) PSP പ്രോജക്ടസ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമാണക്കരാർ.
കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യവസായ ഇടനാഴി-സ്മാർട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യ വികസന നടപടി പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പെടെ 1316.13 കോടി രൂപയ്ക്കാണു കരാർ ഒപ്പിട്ടത്. നിർമാണപ്രവർത്തനം ഉടൻ തുടങ്ങും.
ആകെ 3,600 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കാനായി രണ്ടു വർഷം മുൻപു കിഫ്ബി വഴി സംസ്ഥാനം 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കർ ഭൂമിയാണ് ഇതിനകം ഏറ്റെടുത്തത്. നിലവില്‍ കിൻഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോർ ഡെവലപ്മെന്റ് കോർപറേഷന് കൈമാറും. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കറും മാർച്ചില്‍ 220 ഏക്കറും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപ കൈമാറിയിരുന്നു.
ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി നിർമിക്കാൻ 2019 ഓഗസ്റ്റിലാണ് തീരുമാനിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടി 2020 സെപ്റ്റംബറില്‍ ആരംഭിച്ചു.
2022 ജൂലൈ ആയപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനം കേരളം പൂർത്തിയാക്കി. 1,152 ഏക്കർ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് വേണ്ടിവന്നത്. കഴിഞ്ഞ ജൂണില്‍ മന്ത്രി പി. രാജീവ്, കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് വ്യവസായ ഇടനാഴിക്കുള്ള അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്രസർക്കാരിനു കീഴിലുള്ള നാഷണല്‍ ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരിപങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് പാലക്കാട് സ്മാർട് സിറ്റിയുടെ വികസന പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
സ്മാർട് സിറ്റിയുടെ രൂപകല്പന മുതല്‍ നിർമാണവും മെയിന്റനൻസും ഉള്‍പ്പെട്ട ഇപിസി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കണ്‍സ്ട്രക്ഷൻ) കരാറിനാണ് ദേശീയതലത്തില്‍ ടെൻഡർ ക്ഷണിച്ചത്.
പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകള്‍, ഡ്രെയ്നേജുകള്‍, പാലങ്ങള്‍, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗം, ജല പുനരുപയോഗ സംവിധാനം, സീവറേജ് ലൈൻ, ഊർജവിതരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാനസൗകര്യ വികസനത്തില്‍ ഉള്‍പ്പെടുന്നത്.