ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി പോലീസ്
പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്ത് യുവതിയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെയാണ് ശ്യാംജിത്ത് ലക്ഷ്യമിട്ടത്. വിഷ്ണുപ്രിയ ഇയാളുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് കൊല നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടിച്ചത്.
സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ താഴ്ത്തിയ നിലയിലാണ് ആയുധങ്ങള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ചുറ്റിക, വെട്ടുകത്തി, ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കത്തി, മുളകുപൊടി, പുരുഷന്റെ മുടി, കത്തി മൂര്‍ച്ച കൂട്ടാനുള്ള യന്ത്രം, സ്ക്രൂഡ്രൈവര്‍ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്.
തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മുളകുപൊടി സൂക്ഷിച്ചിരുന്നത്. അന്വേഷണം വഴിതെറ്റിക്കാനായാണ് മറ്റൊരു പുരുഷന്റെ മുടി ബാഗില്‍ കരുതിയിരുന്നതെന്നും പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപാതകം നടത്തി മടങ്ങാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാംജിത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിഷ്ണുപ്രിയയുടെ മൃതദേഹം പാനൂര്‍ വള്ള്യായിലെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെയെത്തിയത്.