ഗുജറാത്തില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പാരാമിലിറ്ററി ജവാന്മാര് തമ്മില്‍ സംഘര്‍ഷം; രണ്ടു പേര് വെടിയേറ്റ് മരിച്ചു
ഗുജറാത്തില്‍ ഇലക്ഷന് ഡ്യൂട്ടിക്കെത്തിയ പാരാമിലിറ്ററി ജവാന്മാര് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് വെടിയേറ്റ് മരിച്ചു. തൊയ്ബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പോര്ബന്തറിനടുത്താണ് സംഭവമുണ്ടായത്. എന്നാല്‍ സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. രണ്ടു പേരെ പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കാലിലും ഒരാളുടെ വയറിനുമാണ് വെടിയേറ്റത്.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയന് സേനാംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി എത്തിച്ച ഇവരെ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരമുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും ഒരാള്‍ എകെ 47 തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു.
കോണ്‍സ്റ്റബിളായ ഇനൗചാസിംഗ് ആണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ചോരാജിത്ത്, രോഹികാന എന്നിവര്‍ക്കാണ് പരിക്കേറ്റത്.