നടിയെ ആക്രമിച്ച കേസില്‍ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളി
നടിയെ ആക്രമിച്ച കേസില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയെന്ന് ആരോപിച്ച് നല്കിയ ഹര്‍ജി തള്ളി. ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നല്കിയ വിശദീകരണം കോടതി അംഗീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് അടുത്തിടെയാണ് എസ് ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത്. ഇതിനെതിരെ ബൈജു കൊട്ടാരക്കരയാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
ശ്രീജിത്തിനെ മാറ്റിയത് കേസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയുടെ ഭാഗമായായിരുന്നു ഈ സ്ഥലം മാറ്റം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടന്നു വരുന്ന ഘട്ടത്തിലായിരുന്നു സ്ഥലംമാറ്റം എന്നതിനാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ക്രൈം ബ്രാഞ്ച് മേധാവി എന്ന നിലയില്‍ കേസുകളുടെ മേല്‍നോട്ടം മാത്രമേ ശ്രീജിത്ത് നിര്‍വഹിച്ചിരുന്നുള്ളു എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസില്‍ തുടരന്വേഷണം ആരംഭിച്ച ശേഷം ശ്രീജിത്ത് അതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ചോദ്യം ചെയ്യലുകള്ക്കുള്പ്പെടെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് എത്തുകയും ചെയ്തിരുന്നു.
Content Highlight: S Sreejith IPS, ADGP, Crime Branch, Actress Assault Case