ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം; നിരസിച്ച് കോടതി
ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം. അഭിഭാഷകനായ നിസാം പാഷയാണ് ഈ ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് അപേക്ഷ വന്നത്. വിദ്വേഷപ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനൊപ്പം ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
പക്ഷേ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. അപേക്ഷ ചീഫ് ജസ്റ്റിസിനു മുന്നില്‍ ഉന്നയിക്കാനും കോടതി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും നിസാം പാഷയ്ക്കായി കോടതിയില്‍ ഹാജരായിരുന്നു. വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള സിനിമയെന്ന നിലയിലായിരുന്നു അഭിഭാഷകന് കോടതിയെ സമീപിച്ചത്.
എന്നാല്‍ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ സിനിമയുമായി ബന്ധപ്പെട്ട അപേക്ഷ എങ്ങന പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. അപേക്ഷയ്ക്കു പകരം വിശദമായ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍ പിന്നീട് അറിയിച്ചു.