കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മെഡിസിന് ക്ലാസില്‍ നാലു ദിവസം ഇരുന്നു; അന്വേഷണം
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസ് മുറിയില്‍ യോഗ്യതയില്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി നാലു ദിവസം ഇരുന്നു. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയാണ് മെഡിസിന് പഠിക്കാന്‍ യോഗ്യതയില്ലാത്ത പെണ്‍കുട്ടി ക്ലാസിലിരുന്നത്. നാലു ദിവസം ക്ലാസിലിരുന്ന പെണ്‍കുട്ടിയ പിന്നീട് കാണാതായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. നവംബര്‍ 29ന് ആരംഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് എന്‍ട്രന്‍സ് പ്രവേശന യോഗ്യത പോലുമില്ലാത്ത വിദ്യാര്‍ത്ഥിനി അനധികൃതമായി കയറിയത്.
245 പുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഇത്തവണ പ്രവേശനം ലഭിച്ചത്. നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശന യോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥിനി ക്ലാസിലുണ്ടായിരുന്നു. തനിക്ക് മെഡിസിന് പ്രവേശനം കിട്ടയതായി ഈ പെണ്‍കുട്ടി ഫെയിസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.