പതിനാറുകാരിക്ക് നേരെ ട്രെയിനില്‍ അതിക്രമം; ആറു പേര്‍ക്കെതിരെ പോക്സോ കേസ്, പ്രതികള്‍ 50 വയസിനു മേല്‍ പ്രായമുള്ളവര്‍
ട്രെയിനില്‍ പതിനാറുകാരിയെ അതിക്രമം നടത്തിയ ആറുപേര്‍ക്കെതിരെ പോക്സോ കേസ്. തൃശൂര്‍ റെയില്‍വേ പോലീസാണ് കേസെടുത്തത്. അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതികള്‍ എല്ലാവരും 50 വയസിനു മേല്‍ പ്രായമുള്ളവരാണ്.
ശനിയാഴ്ച വൈകിട്ട് എറണാകുളത്തു നിന്ന് ഗുരുവായൂര്‍ എക്സ്പ്രസില്‍ തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. എറണാകുളത്തു നിന്ന് പുറപ്പെട്ടയുടന്‍ സംഘം പെണ്‍കുട്ടിയെ ആക്രമിക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച അച്ഛനെ ഇവര്‍ കയ്യേറ്റം ചെയ്തു. പിന്നീട് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൃശൂരില്‍ എത്തുന്നതിനു മുന്‍പായി അക്രമികള്‍ പല സ്റ്റേഷനുകളിലായി ഇറങ്ങിയിരുന്നു. കുട്ടിയുടെ അച്ഛനെ കയ്യേറ്റം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിക്കാനും സംഘം മുതിര്‍ന്നു. ഗാര്‍ഡിനെ വിവരമറിയിച്ചെങ്കിലും പോലീസിനെ അറിയിക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
Content Highlights: Train, Sexual assault, Rape Attempt, POCSO