പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവം; ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിസിന് ക്ലാസില്‍ യോഗ്യതയില്ലാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി കയറിയിരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. മെഡിസിന് പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ഇങ്ങനെ ചെയ്തതെന്നും വിദ്യാര്‍ത്ഥിനി ക്ഷമ ചോദിച്ചതായും പോലീസ് അറിയിച്ചു.
വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് വിദ്യാര്‍ത്ഥിനി ശ്രമിച്ചതെന്ന് കണ്ടെത്തി. നീറ്റ് പരീക്ഷയുടെ ഫലം ഗോവയില്‍ വിനോദയാത്രക്കിടെയാണ് കുട്ടി പരിശോധിച്ചത്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയതായി കരുതുകയും ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ അനുമോദിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നാട്ടില്‍ ഉയരുകയും ചെയ്തു. പിന്നീടാണ് തനിക്ക് പതിനായിരത്തിനു മേലെയാണ് റാങ്കെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലായത്. മെഡിസിന് പ്രവേശനം ലഭിക്കില്ലെന്ന് ഇതോടെ മനസിലായിരുന്നു.
മാനഹാനി ഭയന്നാണ് മെഡിസിന് ക്ലാസില്‍ കയറിയിരുന്നത്. നാലു ദിവസം ക്ലാസില്‍ ഇരിക്കുകയും ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അറ്റന്‍ഡന്‍സ് രജിസ്റ്ററും പ്രവേശനപ്പട്ടികയും പരിശോധിച്ചപ്പോഴാണ് ക്ലാസില്‍ ഒരാള്‍ കൂടുതലുള്ളത് അധ്യാപകര്‍ക്ക് മനസിലായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം തുടരും.