ട്രെയിനില്‍ വെച്ച് പോലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവം; വനിതാ ഡോക്ടര്‍ വലിച്ചെറിഞ്ഞ ഫോണിനു പകരം പുതിയ ഫോണ്‍ വാങ്ങി നല്കി സഹപ്രവര്‍ത്തകര്‍
ട്രെയിനില്‍ വെച്ച് വനിതാ ഡോക്ടര്‍ കയ്യേറ്റം ചെയ്ത റെയില്‍വേ പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങി നല്കി സഹപ്രവര്‍ത്തകര്‍. കണ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പുതിയ ഫോണ്‍ വാങ്ങി നല്‍കിയത്. കയ്യേറ്റത്തിനിടെ വനിതാ ഡോക്ടര്‍ കണ്ണന്റെ ഫോണ്‍ വലിച്ചെറിഞ്ഞിരുന്നു.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാവേലിക്കരയില്‍ നിന്നാണ് ഡോ. ബെറ്റി ട്രെയിനില്‍ കയറിയത്. ട്രെയിന്‍ ശാസ്താംകോട്ട പിന്നിട്ടതോടെ ബെറ്റിയും മുന്‍സീറ്റിലെ യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മുന്‍സീറ്റിലെ യാത്രക്കാരന് മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ബെറ്റി ചോദ്യംചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്ന് ബെറ്റി പറഞ്ഞപ്പോള്‍, സഹിക്കാന്‍ പറ്റാത്തവര്‍ കാറില്‍ യാത്രചെയ്തോളൂ എന്നായിരുന്നു മുന്‍സീറ്റ് യാത്രക്കാരന്റെ മറുപടി. പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ സഹയാത്രികര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ട്മെന്റിലെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.
പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ഡോക്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. പോലീസുകാരനെതിരേ മോശമായി പെരുമാറിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസില്‍ വനിതാ ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.