ലഹരി ഉപയോഗം; സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നു. പരാതികളില്‍ പരിശോധന കര്‍ശനമാക്കും. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തിലായിരിക്കില്ല പ്രവര്‍ത്തനം. ഇക്കാര്യത്തില്‍ സിനിമാരംഗത്തുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗിക്കുന്ന സംഘത്തെ എക്സൈസും രഹസ്യമായി നിരീക്ഷിക്കും. ലഹരി ഉപയോഗവും അത് കടന്നുവരുന്ന വഴികളും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം, ബാബുരാജ് എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ പ്രതികരണം. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്നാണ് താരസംഘടന അമ്മയുടെ നിയമഭേദഗതി. അടുത്തിടെ ആരോപണവും വിലക്കും നേരിട്ട ശ്രീനാഥ് ഭാസി അമ്മയില്‍ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ്.