പറവൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ മകൾ അറസ്റ്റിൽ

പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് അറസ്റ്റില്‍. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ കലൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദീപയും ആശയെ ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിലുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനിടെ ദീപയുടെ ബന്ധുക്കളും അഭിഭാഷകരും പോലീസുമായി തർക്കമുണ്ടായി. അതേസമയം ദീപയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് ദീപയുടെ അഭിഭാഷക ഫാത്തിമ രംഗത്തെത്തി.
പണം കടം നല്‍കിയവരില്‍നിന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശാ ബെന്നി ആത്മഹത്യ ചെയ്തത്. കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്താണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു.
പണം ചോദിച്ചെത്തിയവരുടെ സമ്മർദത്തെ തുടർന്ന് ഒരാഴ്ചമുൻപ് ഇവർ ഞരമ്ബുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്കാൻ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട് ആശയുടെ വീട്ടില്‍ കയറി പലിശക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു.
മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ ഭർത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടർന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാർ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടർന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.
കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വെച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേർത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ആശാ ആത്മഹത്യ ചെയ്തത്…