മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമെന്ന് ദിലീപ്
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമെന്ന് ദിലീപ് സുപ്രീം കോടതിയില്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് തെളിവുകളുടെ വിടവ് നികത്താനാണെന്നും കാവ്യാ മാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും ദിലീപ് പറയുന്നു.
ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാര്‍ നല്കിയ വോയ്സ് ക്ലിപ്പുകളിലെ ദിലീപ്, ദിലീപിന്റെ സഹോദരന്, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ ശബ്ദം തിരിച്ചറിയുന്നതിനായാണ് പ്രോസിക്യൂഷന് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, മഞ്ജു വാര്യര്‍ക്ക് തന്നോട് വിരോധമാണെന്നും വോയിസ് ക്ലിപ്പുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയിലാണെന്നും ദിലീപ് പറയുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പരാജയപ്പെടുത്താന്‍ കേസിലെ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും അതിജീവിതയും പ്രവര്‍ത്തിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.