ഏകീകൃത കുര്‍ബാന വിഷയം; എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം, വൈദികരെ തള്ളിമാറ്റി, ബലിപീഠം തകര്‍ത്തു
ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറുകയും വൈദികരെ തള്ളിമാറ്റുകയും ചെയ്തു. സംഘര്‍ഷത്തിനിടെ അള്‍ത്താരയിലെ സാമഗ്രികള്‍ പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ബലിപീഠം തകരുകയും വിളക്കുകള്‍ പൊട്ടുകയും ചെയ്തു. പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും രണ്ടു വിഭാഗവും പിന്മാറാന് തയ്യാറായില്ല.
വെള്ളിയാഴ്ച രാത്രിയും ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്നവര്‍ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തു മണിക്ക് കുര്‍ബാന അര്‍പ്പിക്കുന്ന സമയത്ത് നിയന്ത്രണം പിടിച്ചടക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിനിടയിലും കുര്‍ബാനയര്‍പ്പിക്കാന്‍ ശ്രമമുണ്ടായി. തിരുപ്പിറവി കുര്‍ബാന നടക്കുന്നത് ഇന്നായതിനാല്‍ രാത്രി സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ട്.
സംഘര്‍ഷം ബസലിക്കയ്ക്ക് ഉള്ളിലായതിനാല്‍ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നില്ല. അതേസമയം പള്ളിക്കുള്ളില്‍ കടന്നവരെ പോലീസ് ഒഴിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനായിരുന്നു നടപടിയെന്നും ഇരു വിഭാഗവുമായും ചര്‍ച്ച നടത്തുമെന്നും പോലീസ് അറിയിച്ചു.