പോപ്പുലര്‍ ഫ്രണ്ട് നിരോധനം; സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു, ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ കേന്ദ്രസേന
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആലുവയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷയാണ് സിആര്‍പിഎഫിന് നല്‍കിയിരിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ആലുവയിലെ ആര്‍എസ്എസ് ഓഫീസില്‍ കേന്ദ്രസേന എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം കാക്കുകയാണ് കേരളം. വിജ്ഞാപനം കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സംസ്ഥാനം സ്വീകരിക്കും.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന് കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.