മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനി അന്തരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 19-ാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇന്ന് ഗുരുതരമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന് എന്ന സതീശന് പാച്ചേനി ജനിച്ചത്. പരിയാരം ഹൈസ്കൂള്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്യു യൂണിറ്റിന്റെ പ്രസിഡന്റായി.
പിന്നീട് കണ്ണൂര്‍ പോളിടെക്നിക്കിലും കെഎസ്യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്യു താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിങ്ങനെ 1999 ല്‍ സംസ്ഥാന പ്രസിഡന്റ് വരെയായി.
കെഎസ്യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാ തലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016 ഡിസംബര്‍ മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.
നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പില്‍ എം.വി.ഗോവിന്ദനെതിരെയും പാച്ചേനി മത്സരിച്ചിട്ടുണ്ട്. അഞ്ചു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയമായിരുന്നു ഫലം.