കൊച്ചിയിലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍; റോഡുകള്‍ തടഞ്ഞു
കോട്ടയത്തെ പരിപാടികള്‍ക്ക് ശേഷം കൊച്ചിയില്‍ എത്തിയ മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷാ സന്നാഹങ്ങള്‍. കലൂരിലും ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചിയില്‍ എത്തിയ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി എത്തിയത്. പ്രതിഷേധം കണക്കിലെടുത്താണ് വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കൊച്ചിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്കിന് കൊച്ചിയിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയുടെ കറുത്ത മാസ്ക് മാറ്റാന്‍ പോലീസ് നിര്‍ദേശിച്ചു. ഇതിനിടയില്‍ കലൂരില്‍ കറുത്ത വേഷം ധരിച്ചെത്തിയ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തങ്ങള്‍ പ്രതിഷേധിക്കാന്‍ എത്തിയതല്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. തങ്ങള്‍ മെട്രോയില്‍ യാത്രചെയ്യാന്‍ എത്തിയവരാണെന്നും അവര്‍ പറഞ്ഞു. ഗസ്റ്റ് ഹൗസും രണ്ട് വേദികളും പൂര്‍ണ്ണമായും പോലീസ് വലയത്തിലാണ്.
പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളത് പരിഗണിച്ച് പോക്കറ്റ് റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് സുരക്ഷാച്ചുമതല നല്‍കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഡിസിപിയും എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാന ജംഗ്ഷനുകളില്‍ പോലീസിനെ വിന്യസിച്ചു.
കോട്ടയത്ത് കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി തലസ്ഥാനത്തിന് പുറത്തു പങ്കെടുക്കുന്ന പരിപാടികളാണ് ഇന്ന് കോട്ടയത്തും കൊച്ചിയിലും നടക്കുന്നത്.
Content Highlights: Pinarayi Vijayan, Chief Minister, Security, Kerala Police, Swapna Suresh