ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍. ഷാജ് കിരണ്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഷാജ് കിരണിനെ മുന്‍കൂര്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പോലീസ് തീര്‍പ്പാക്കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും സുപ്രീം കോടതിയെ സമീപിച്ചത്.
സ്വപ്നയും പി സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനം എടുത്തിരുന്നു. അതേസമയം തന്നെ കെണിയില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് കാട്ടി ഷാജ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
തന്നെയും സുഹൃത്തിനെയും കുടുക്കാന്‍ സ്വപ്ന ശ്രമിച്ചു. ശബ്ദരേഖയില്‍ കൃത്രിമത്വം നടത്തി മാനനഷ്ടമുണ്ടാക്കി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ഡിജിപി ഈ പരാതി കൈമാറിയിട്ടുണ്ട്. കേസില്‍ സരിതയെ സാക്ഷിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: Swapna Suresh, Shaj Kiran, Ibrahim, PC George, Gold Smuggling Case