ഷാജ് കിരണ്‍ കൊച്ചിയില്‍ മടങ്ങിയെത്തി; ഉച്ചയ്ക്ക് ശേഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും
ഷാജ് കിരണ്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഫോണില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലായിരുന്നുവെന്നാണ് ഷാജ് അറിയിച്ചിരുന്നത്. പോലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ സ്വമേധയാ ഹാജരാകുകയാണെന്നും ഷാജ് പറഞ്ഞു.
ഉച്ച കഴിഞ്ഞ് 2 മണിക്ക് പോലീസ് ക്ലബ്ബിലായിരിക്കും ഹാജരാകുക. ഷാജിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇരുവരും കേസില്‍ പ്രതിയല്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.
സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി ഷാജ് കിരണ്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഡിജിപി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഇബ്രാഹിമിന്റെ കൈവശമുണ്ടെന്നായിരുന്നു ഷാജ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഫോണില്‍ നിന്ന് ഡിലീറ്റായെന്നും വീഡിയോ വീണ്ടെടുക്കുന്നതിനായാണ് തമിഴ്നാട്ടിലെ സുഹൃത്തിനെ കാണാന്‍ പോയതെന്നും ഷാജ് നേരത്തേ അറിയിച്ചിരുന്നു.
Content Highlights: Shaj Kiran, Swapna Suresh, Police, SIT, Ibrahim. Gold Smuggling Case