ഞാനായിട്ട് ഒരു യുവനടന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു, ഇത്ര പ്രശ്നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല; ചര്‍ച്ചയായി ഷിബു സുശീലന്റെ പോസ്റ്റ്
ചില നായക നടന്മാരുടെ മോശം പെരുമാറ്റത്തെപ്പറ്റി ഫെഫ്കയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചര്‍ച്ചയായി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറി ഷിബു സുശീലന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. മുപ്പതു വര്‍ഷം ആയി ഞാന്‍ സിനിമയില്‍ വന്നിട്ട് ആര്‍ക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി അമ്മഭാരവാഹികളോട് സത്യത്തില്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത് എന്ന കുറ്റബോധം ഇപ്പോള്‍ എനിക്കുണ്ട് ഈ യുവനടന് മലയാളസിനിമക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല എന്നാണ് പോസ്റ്റില്‍ ഷിബു പറയുന്നത്.
മലയാള സിനിമയിലെ ചില നായക നടന്മാര് എഡിറ്റ് കാണാതെ അഭിനയിക്കില്ലെന്ന് വാശിപിടിക്കുകയാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന് വെളിപ്പെടുത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഷിബു സുശീലനും പങ്കെടുത്തിരുന്നു. ആ നടന്മാര് ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരാണെന്ന വിവരം പിന്നീട് പുറത്തുവന്നു.
പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ
ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് ജനറല്‍ സെക്രട്ടറി എന്നനിലയില്‍ അംഗങ്ങളുടെയും, അത് പോലെ ഫെഫ്ക്കയിലെ മറ്റ് യൂണിയന് സഹപ്രവര്‍ത്തകരുടെയും ഒട്ടേറെ പ്രശ്നങ്ങള്‍ ഡെയിലി കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്… പക്ഷേ ഇന്നലെ ഫെഫ്ക്ക ജനറല്‍ കൌണ്‍സില്‍ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിംഗ് നടന്നു..
പുതിയ തലമുറയിലെ അഭിനേതാക്കള്‍ ലൊക്കേഷനില്‍ കാട്ടിക്കൂടുന്നപ്രശ്നങ്ങളെ പറ്റി… ഈ പ്രശ്നത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവാണ്.. ഷൂട്ടിംഗ് തുടങ്ങിയാല്‍ സമയത്തു വരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, നമ്മള് അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം…അങ്ങനെ നിരവധി തലവേദന… നമ്മള് എന്തിന് ഇത് സഹിക്കണം..
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്…
സിനിമ നിര്‍മ്മാതാക്കള്‍ എന്തിനാണ് ഇവരെ വെച്ച് സിനിമഎടുക്കുന്നത്.. സംവിധായകര്‍, എഴുത്തുകാര്‍ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങള്‍ ഈ പ്രശ്നകാരുടെ പുറകെ പോകാതിരിക്കുക. അവര്‍ സമാധാനത്തോടെ വീട്ടില്‍ ഇരിക്കട്ടെ… നമ്മള് എന്തിന് അവരുടെ സമാധാനം കളയണം….എന്തിനാ കാശ് കൊടുത്തു തലവേദന, പ്രഷര്‍, ഉറക്കമില്ലായിമ നമ്മള് വാങ്ങണം…
അവര്‍ വീട്ടില്‍ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണര്‍ത്താന്‍ പോകരുത്.. അവരുടെ ഫോണില്‍ വിളിക്കാതിരിക്കുക..അവര്‍ വേണ്ടുവോളം വിശ്രമിക്കട്ടെ… നമ്മള് വിളിച്ചുണര്‍ത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്..
ഇങ്ങനെ സിനിമ ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മള് എന്തിന് ഉള്‍പ്പെടുത്തണം..
സമാധാനത്തോടെ ജോലിയില്‍ ആത്മാര്‍ത്ഥ ഉള്ളവരെ വെച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്…
മുപ്പതു വര്‍ഷം ആയി ഞാന്‍ സിനിമയില്‍ വന്നിട്ട് ആര്‍ക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം… പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി .. അമ്മഭാരവാഹികളോട് സത്യത്തില്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത് എന്ന കുറ്റബോധം ഇപ്പോള്‍ എനിക്കുണ്ട്..
ഈ യുവനടന് മലയാളസിനിമക്ക് ഇത്രയും പ്രശ്നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല..