കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ഉപമുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് ഡി കെ ശിവകുമാര്‍
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആദ്യത്തെ രണ്ടു വര്‍ഷത്തേക്കാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുക. അതിനു ശേഷം ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണം. തല്ക്കാലം ഉപമുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് ഓഫര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലേക്കില്ലെന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുമായി സിദ്ധരാമയ്യ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും. ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള ചുമതല സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നല്കി.
മുഖ്യമന്ത്രി ആരാകുമെന്ന് വ്യക്തമായതോടെ സത്യപ്രതിജ്ഞ നേരത്തേ തീരുമാനിച്ചതുപോലെ വ്യാഴാഴ്ച തന്നെ നടക്കും. വൈകിട്ട് 3.30നായിരിക്കും ചടങ്ങ്. നാളെ സിദ്ധരാമയ്യ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഇത് രണ്ടാമത്തെ തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 2013 മുതല്‍ 2018 വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നു.